Drisya TV | Malayalam News

ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് പുറത്തിറക്കി കേന്ദ്രം

 Web Desk    30 May 2026

ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് പുറത്തിറക്കി കേന്ദ്രം. 2023-24 കാലത്തെ സർവേയാണ് പുറത്തുവിട്ടത്.മാതൃ-ശിശു ആരോഗ്യം, പോഷകാഹാര ലഭ്യത, മറ്റ് സാമൂഹ്യവികസന സൂചികകൾ എന്നിവയിൽ പുരോഗതിയുണ്ടെന്ന് സർവേ പറയുന്നു. എന്നാൽ, നിർണായക സൂചികകളായ ജനനനിരക്കിലെ ലിംഗാനുപാതം, ശുചിത്വപുരോഗതി (ശൗചാലയങ്ങളുടെ ഉപയോഗം), പാചകവാതക ഉപയോഗം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക്, കുടുംബാസൂത്രണത്തിലെ മികവ് എന്നിവ സർവേയിൽ നിന്നൊഴിവാക്കി. ഇത് യഥാർഥ സാമൂഹ്യ, ആരോഗ്യസൂചികകളുടെ ചിത്രം മറച്ചുവക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് വിമർശനമുയർന്നു. അനീമിയ ബാധിതരുടെ കണക്കെടുപ്പും ഒഴിവാക്കി. അതേസമയം, കേരളം എല്ലാ സൂചികകളിലും മുന്നിലാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് ആണ് സർവേ നടത്തുന്നത്.715 ജില്ലകളിലെ 6.79 ലക്ഷം കുടുംബങ്ങളിലാണ് സർവേ നടന്നത്.ആശുപത്രികളിലെ പ്രസവനിരക്ക് 90.6 ശതമാനമായി ഉയർന്നെന്ന് സർവേ കണ്ടെത്തി. 12 മുതൽ 23 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ നിരക്ക് 96 ശതമാനത്തിന് മുകളിലാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലെ വളർച്ചാമുരടിപ്പ് 35.5-ൽ നിന്ന് 29.3 ശതമാനമായി താഴ്ന്നു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ തോത് 40.1-ൽനിന്ന് 60.2 ശതമാനമായി വർധിച്ചു.

ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 33.3-ൽ നിന്ന് 64.3 ശതമാനമായി.ബാങ്കിങ് സേവനം ഉപയോഗിക്കുന്ന സ്ത്രീകൾ 78.6-ൽ നിന്ന് 89 ശതമാനമായി ഉയർന്നു.മൊബൈൽഫോൺ ഉപയോഗിക്കുന്ന സ്ത്രീകൾ 53.9-ൽ നിന്ന് 63.6 ശതമാനമായി ഉയർന്നു. 15-24 പ്രായപരിധിയിലുള്ള യുവതികളുടെ ആർത്തവ ശുചിത്വനിരക്ക് 77.6-ൽനിന്ന് 79.2 ശതമാനമായി.ആശുപത്രികളിലെയും പ്രസവചികിത്സാകേന്ദ്രങ്ങളിലെയും പ്രസവങ്ങളുടെ നിരക്ക് കേരളത്തിൽ ഗ്രാമ, നഗര ഭേദമില്ലാതെ ഉയർന്ന തോതിലാണ്. 99.6 മുതൽ 99.8 ശതമാനംവരെ.

  • Share This Article
Drisya TV | Malayalam News