ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ബഹിരാകാശ ഏജൻസി നാസ പ്രഖ്യാപിച്ച 2000 കോടി ഡോളറിന്റെ 'മൂൺ ബേസ്' പദ്ധതിയുടെ ആദ്യഘട്ട വാണിജ്യ കരാറുകൾ പ്രഖ്യാപിച്ചു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ ആണ് കരാർ തുകയിൽ സിംഹഭാഗവും സ്വന്തമാക്കി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. അതേസമയം, ഈ രംഗത്തെ പ്രമുഖരായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ആദ്യ റൗണ്ട് കരാറുകളിൽ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമായി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ താവളം നിർമിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്ക് പുറത്ത് മനുഷ്യരാശിയുടെ ആദ്യത്തെ സ്ഥിരമായ ഔട്ട്‌പോസ്റ്റ് ആയിരിക്കും ഇതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാസ പ്രഖ്യാപിച്ച ആദ്യഘട്ട അടിസ്ഥാന സൗകര്യ വികസന കരാറുകളിൽ പ്രമുഖ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിർമാണ ചുമതലകളാണ് സ്വന്തമാക്കിയിരിക്കുന്നത്.
1. ബ്ലൂ ഒറിജിൻ: മനുഷ്യരില്ലാത്ത രണ്ട് ചാന്ദ്ര ലാൻഡറുകൾ നിർമിക്കുന്നതിനായി 46.8 കോടി ഡോളറിന്റെ വലിയ കരാറാണ് കമ്പനി നേടിയത്.
2. ആസ്ട്രോലാബ്, ലൂണാർ ഔട്ട്‌പോസ്റ്റ്: ഭാവിയിൽ ബഹിരാകാശ സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള, മനുഷ്യരില്ലാത്ത റോവറുകൾ വികസിപ്പിക്കുന്നതിനായി ഇരു കമ്പനികൾക്കും 22 കോടി ഡോളർ വീതം ലഭിക്കും.
3. ഫയർഫ്ലൈ എയറോസ്‌പേസ്: നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നിർമിക്കുന്ന നാല് ഡ്രോണുകൾ ചന്ദ്രനിലെത്തിക്കാൻ 7.5 കോടി ഡോളറിന്റെ കരാർ ഇവർക്ക് ലഭിച്ചു. ഈ ഡ്രോണുകൾ ബഹിരാകാശ സഞ്ചാരികൾക്ക് ഇറങ്ങാനുള്ള സ്ഥലങ്ങൾ സർവേ ചെയ്യാനും മൂൺ ബേസിന്റെ അതിരുകൾ നിർണയിക്കാനും ഉപയോഗിക്കും.
ബ്ലൂ ഒറിജിനെ സംബന്ധിച്ചിടത്തോളം ഈ കരാർ വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ ഏപ്രിലിൽ ഒരു ഉപഭോക്താവിന്റെ ഉപഗ്രഹം നഷ്ടപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ 'ന്യൂ ഗ്ലെൻ' റോക്കറ്റ് വിക്ഷേപണങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഫെഡറൽ റെഗുലേറ്റർമാരുടെ അന്വേഷണം പൂർത്തിയായതോടെ വരും മാസങ്ങളിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്താൻ ബെസോസിന്റെ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.ചന്ദ്രനിൽ സ്ഥിരതാവളം ഒരുക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള വിപുലമായ പദ്ധതിയാണ് നാസ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ മൂന്ന് നിർണായക ദൗത്യങ്ങൾ ചന്ദ്രനിലേക്ക് പുറപ്പെടും.