എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. എബോള ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗബാധിത രാജ്യങ്ങളായ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശം.
ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വകഭേദം സംഭവിച്ചതാണ് പുതിയ വൈറസ്. മേയ് 14നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇതിന് ബുൻഡിബുജ്യോ എന്ന പേരാണിട്ടിരിക്കുന്നത്. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം ഛർദി എന്നിവ കൂടാതെ ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങൾ.