Drisya TV | Malayalam News

പ്ലാസ്റ്റിക് പാക്കറ്റിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി 

 Web Desk    8 Apr 2026

വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മുന്നറിയിപ്പ് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജനങ്ങൾ അവബോധമുള്ളവർ ആയിരിക്കട്ടെയെന്ന് മുന്നറിയിപ്പ് നൽകുന്നതിനെ അനുകൂലിച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയതാകാമെന്ന് കുപ്പിവെള്ളത്തിലും ഉപ്പ്, പഞ്ചസാര പാക്കറ്റുകളിലും വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന് ഫെബ്രുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനാവശ്യമായ വിജ്ഞാപനമിറക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടും (എഫ്.എസ്.എസ്.എ.ഐ.) മറ്റു ബന്ധപ്പെട്ടവരോടും കോടതി നിർദേശിച്ചിരുന്നു. ഉത്തരവിനെ എതിർത്ത് പാക്കേജിങ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം മുന്നറിയിപ്പ് പതിക്കുന്നത് ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ഹർജിക്കാർ വാദിച്ചു.

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മൈക്രോ പ്ലാസ്റ്റിക്കുകൾ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത- പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതു ശതമാനത്തോളം പേരുടെയും പ്രധാന ധമനിയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു.

  • Share This Article
Drisya TV | Malayalam News