Drisya TV | Malayalam News

സ്ത്രീകൾക്കുള്ള പിങ്ക് ടോയ്‍ലറ്റ് ഭക്ഷണശാലയായി ഉപയോഗിച്ചതിനെതിരെ പ്രതിഷേധം,ഭക്ഷണശാല പൂട്ടി ഉപകരണങ്ങൾ പിടിച്ചെടുത്തു

 Web Desk    4 Apr 2026

സ്ത്രീകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി സൗത്ത് മുംബൈയിൽ ആരംഭിച്ച ‘പിങ്ക് ടോയ്‍ലറ്റ്’ സംവിധാനം ഭക്ഷണശാലയായി ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. വൃത്തിയെക്കുറിച്ചും പൊതുസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന​തിനെ തുടർന്ന് ബ്രിഹാൻമുംബൈ കോർപറേഷൻ ഭക്ഷണശാല പൂട്ടി ഉപകരണങ്ങൾ പിടിച്ചെടുത്തു. പിങ്ക് ടോയ്‍ലറ്റ് പ്രവർത്തിക്കുന്ന ബസിന്റെ പിൻഭാഗം കഫെയായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിഡിയോ ഒരു മാസം മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

മുംബൈയിലെ ഫാഷൻ സ്​ട്രീറ്റിലാണ് ‘മഹിളാസാത്തി സ്വച്ഛതാഗ്രഹ’ ​മൊബൈൽ യൂണിറ്റ് സ്ഥാപിച്ചത്. ബി.എം.സിയുടെ നേതൃത്വത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പിങ്ക് ടോയ്ലറ്റ് ബസുകൾ സ്ഥാപിച്ചത്. തിരക്കുള്ള പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയ്‍ലറ്റ് സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ടോയ്‍ലറ്റ് സംവിധാനം കൊണ്ടുവന്നത്. ടോയ്‍ലറ്റ്, ഡ്രസ് മാറ്റാനുള്ള സൗകര്യം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പിങ്ക് ടോയ്‍ലറ്റ് ബസ്. ഈ ബസിന്റെ പിറകിലാണ് കഫെ പ്രവർത്തിച്ചിരുന്നത്.

ഒരുവർഷം മുമ്പാണ് പ്രദേശവാസിയായ ഗീത മെഹർ പിങ്ക് ടോയ്‍ലറ്റ് ഭക്ഷണകേന്ദ്രമാക്കി മാറ്റിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടോയ്‍ലറ്റിൽ പ്രവർത്തിക്കുന്ന ഭക്ഷണകേന്ദ്രത്തിലെ വ്യത്തിയും സുരക്ഷാ ലംഘനവും മാധ്യമങ്ങളിൽ വാർത്തയായി. പൊതു സംവിധാനം ഭക്ഷണശാലയാക്കി മാറ്റാൻ ആരാണ് അനുമതി നൽകിയതെന്ന ചോദ്യത്തിന് പ്രാദേശിക കോർപ്പറേറ്റർ മകരന്ദ് നർവേക്കറിൽ നിന്ന് അനുമതി ലഭിച്ചതായി ഗീത മെഹർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈയിലില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, അനുമതി നൽകിയിട്ടില്ലെന്ന് നർവേക്കർ പ്രതികരിച്ചു. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ ബി.എം.സി ഉദ്യോഗസ്ഥർ ഭക്ഷണശാല അടച്ചുപൂട്ടി അടുക്കള ഉപകരണങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News