Drisya TV | Malayalam News

വിവാഹിതനായ ഒരു പുരുഷൻ ഉഭയസമ്മതപ്രകാരം മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷനിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

 Web Desk    27 Mar 2026

വിവാഹിതനായ ഒരു പുരുഷൻ ഉഭയസമ്മതപ്രകാരം മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷനിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. യുവതിയുടെ അമ്മ കാന്തിയാണ് പങ്കാളികൾക്ക് എതിരെ പരാതി നൽകിയത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ധാർമികതയും നിയമവും തമ്മിലുള്ള വേർതിരിവ് ഊന്നിപ്പറഞ്ഞ കോടതി നിയമത്തിന്റെ കാഴ്ചപ്പാടിൽ പുരുഷൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം പരസ്പര സമ്മതത്തോടെയുള്ള ലിവ് ഇൻ റിലേഷൻ കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. പൗരന്മാരുടെ അവകാശം സംരക്ഷിക്കാനുള്ള കോടതി നടപടികൾ സാമൂഹിക അഭിപ്രായങ്ങളോ ധാർമികതയോ അടിസ്ഥാനപ്പെടുത്തിയല്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരെ അറസ്റ്റ് ചെയ്യരുതെന്നും പൊലീസിന് കോടതി നിർദേശം നൽകി. പങ്കാളികൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാക്കരുതെന്ന് യുവതിയുടെ കുടുംബത്തോട് കോടതി നിർദേശിച്ചു. ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നിടത്ത് യുവതിയുടെ കുടുംബാംഗങ്ങൾ സന്ദര്‍ശിക്കരുതെന്നും നേരിട്ടോ അല്ലാതെയോ അവരുമായി ആശയവിനിമയം നടത്തരുതെന്നും ഹർജിക്കാരുടെ സുരക്ഷാ ചുമതല പ്രദേശത്തെ പൊലീസിനായിരിക്കുമെന്നും കോടതി നിർദേശിച്ചു.

  • Share This Article
Drisya TV | Malayalam News