Drisya TV | Malayalam News

ഉത്തർപ്രദേശിലെവോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ 

 Web Desk    1 Nov 2026

ഉത്തർപ്രദേശിലെ പീലിഭീത് നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയ സംഭവത്തിൽ രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ (ഇ.ആർ.ഒ) ഉടനടി സസ്പെൻഡ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. ഇ.ആർ.ഒമാരായ മയാങ്ക് ഗോസ്വാമി, ഹേമന്ത് ചൗധരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സി.ഇ.ഒ) അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയത്.

സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റപത്രം പരിശോധനയ്ക്കായി കമീഷന് സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഇവരെ തിരിച്ചെടുക്കരുതെന്നും നിർദേശമുണ്ട്. നിലവിലുള്ള എഫ്.ഐ.ആറിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 198-ാം വകുപ്പ് കൂടി ചുമത്താൻ കമീഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരായ രണ്ടുപേർക്കും വോട്ടർ രജിസ്ട്രേഷൻ സെന്ററിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ അനിൽ കുമാറിനുമെതിരെ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പോളിങ് ബോഡിയുടെ തീരുമാനം.നേരത്തെ, കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്.പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പീലിഭീതിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ 127-പീലിഭീത് മണ്ഡലത്തിലെ 10,470 വോട്ടർ എൻട്രികളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി.സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള വോട്ടർ രജിസ്ട്രേഷൻ സെന്ററുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റുമാരുടെ 'ECINET' പോർട്ടൽ ലോഗിൻ ഐ.ഡികൾ നിർവീര്യമാക്കാൻ ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്‌ദീപ് റിൻവ ജില്ല ഇലക്ഷൻ ഓഫീസർമാർക്ക് നിർദേശം നൽകി. ക്രമക്കേടിൽ ഉൾപ്പെട്ട ഔട്ട്‌സോഴ്‌സ് ചെയ്ത കമ്പ്യൂട്ടർ അസിസ്റ്റന്റിനെ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടാനും ബന്ധപ്പെട്ട ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News