Drisya TV | Malayalam News

സംസ്ഥാനത്ത് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചു

 Web Desk    29 Oct 2026

സംസ്ഥാനത്ത് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ മന്ത്രിസഭപാസ്സാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആകെ ശമ്പളവും അലവൻസുകളും നിലവിലെ 1,08,000 രൂപയിൽനിന്ന് 1,22,000 രൂപയായാണ് ഉയർത്തുന്നത്. എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള തുക 70,000 രൂപയിൽനിന്ന് 98,000 രൂപയാകും. ഇതോടൊപ്പം മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിക്കും.

മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ അടിസ്ഥാന ശമ്പളം നിലവിലെ 2,000 രൂപയിൽനിന്ന് 3,000 രൂപയായി ഉയർത്തും. മണ്ഡല ബത്ത 40,000 രൂപയിൽനിന്ന് 45,000 രൂപയായും കൺവേയൻസ് അലവൻസ് 17,000 രൂപയിൽനിന്ന് 25,000 രൂപയായും വർധിപ്പിക്കും. റോഡ് മാർഗമുള്ള യാത്രകൾക്ക് നിലവിൽ കിലോമീറ്ററിന് 15 രൂപയാണ് അനുവദിക്കുന്നത്. ഇത് കിലോമീറ്ററിന് 20 രൂപയായി ഉയർത്തും.എംഎൽഎമാരുടെ ശമ്പളത്തിലും വിവിധ

അലവൻസുകളിലും വർധനയുണ്ടാകും. നിലവിൽ 70,000 രൂപയായുള്ള പ്രതിമാസ ആകെ തുക 98,000 രൂപയായാണ് ഉയരുന്നത്. എംഎൽഎമാരുടെ സ്ഥിരബത്ത 2,000 രൂപയിൽനിന്ന് 4,000 രൂപയായും മണ്ഡല അലവൻസ് 25,000 രൂപയിൽനിന്ന് 35,000 രൂപയായും വർധിപ്പിക്കും. ഇൻഫർമേഷൻ ബത്ത നിലവിലെ 4,000 രൂപയിൽനിന്ന് 8,000 രൂപയാക്കും. മറ്റു ചെലവുകൾക്കായി അനുവദിക്കുന്ന തുക 8,000 രൂപയിൽനിന്ന് 13,000 രൂപയായി ഉയർത്തും. അതേസമയം, ടെലിഫോൺ അലവൻസിൽ മാറ്റമുണ്ടാകില്ല.നിലവിലുള്ള 11,000 രൂപ തന്നെ തുടരും.

  • Share This Article
Drisya TV | Malayalam News