Drisya TV | Malayalam News

ഐ.എഫ്.എഫ്.കെ ഇരുപത്തിനാല് മണിക്കൂറും സിനിമയുടെ ഉത്സവമാക്കാൻ ഒരുങ്ങി കേരള ചലച്ചിത്ര അക്കാദമി

 Web Desk    29 Oct 2026

ഐ.എഫ്.എഫ്.കെ ചരിത്രത്തിൽ ആദ്യമായി ഇരുപത്തിനാല് മണിക്കൂറും സിനിമയുടെ ഉത്സവമാക്കാൻ ഒരുങ്ങി കേരള ചലച്ചിത്ര അക്കാദമി.മേളയുടെ പതിവ് പ്രദർശന സമയക്രമം പൊളിച്ചെഴുതിക്കൊണ്ടാണ് പുതിയ പരീക്ഷണം. സിനിമയെ കേവലം ഒരു വൈകുന്നേര അനുഭവമാക്കാതെ, പകലും രാവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മുഴുവൻ സമയ ഫെസ്റ്റിവൽ അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഡിസംബർ 11 മുതൽ 18 വരെ തലസ്ഥാനത്ത് അരങ്ങേറുന്ന 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ് ഈ ചരിത്രപരമായ മാറ്റം നടപ്പിലാക്കുന്നത്. മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുന്ന ദിവസങ്ങൾ ഒഴികെ, ഇടയിലുള്ള ആറ് ദിവസങ്ങളിൽ രാപകൽ ഭേദമില്ലാതെ സ്ക്രീനുകൾ സജീവമായിരിക്കും. വിവിധ വേദികളിലായി തുടർച്ചയായി സിനിമകൾ പ്രദർശിപ്പിക്കാനാണ് അക്കാദമി പദ്ധതിയിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഇതിൽ നിർണായകമാകുന്നത് മേളയുടെ ഹൃദയമായ ടാഗോർ തിയേറ്ററാണ്. ടാഗോർ തിയേറ്ററിനെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻട്രൽ ഫെസ്റ്റിവൽ ഹബ്ബായി മാറ്റാനാണ് തീരുമാനം. മറ്റ് വേദികളിലും പ്രദർശന സമയം ഗണ്യമായി വർധിപ്പിക്കും. എല്ലാ തരം പ്രേക്ഷകരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് പുതിയ സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർ, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ, കോളജ് വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ എല്ലാവർക്കും സൗകര്യപ്രദമായ ഷോകൾ ഉണ്ടാകും.

ഇതിന്റെ ഭാഗമായി രാവിലെ 7 മണി മുതൽ തന്നെ ആദ്യ ഷോകൾ ആരംഭിക്കും. പ്രഭാത സവാരിക്ക് ശേഷം നേരെ തിയറ്ററിലെത്തി ഒരു ലോകസിനിമ കണ്ട് മടങ്ങാൻ മുതിർന്ന പൗരന്മാർക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാകും. അതേസമയം, രാത്രി വൈകിയും സിനിമ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ജെൻ സി തലമുറയിലെ യുവ സിനിമാ പ്രേമികൾക്ക് വേണ്ടിയാണ് അർദ്ധരാത്രിക്ക് ശേഷമുള്ള പ്രത്യേക ഷോകൾ ഒരുക്കുന്നത്.

മേളയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ പേർക്ക് സിനിമ കാണാൻ അവസരം നൽകുന്നതിനുമായി എല്ലാ തിയറ്ററുകളിലും ദിവസേന ശരാശരി രണ്ട് അധിക ഷോകൾ കൂടി ഉൾപ്പെടുത്താനും അക്കാദമി ആലോചിക്കുന്നുണ്ട്. ഇതോടെ ഒരു സിനിമക്ക് വേണ്ടി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ജനത്തിരക്കും തിയറ്ററുകൾക്ക് മുന്നിലെ നീണ്ട ക്യൂവും നിയന്ത്രിക്കുക, കൂടുതൽ പ്രേക്ഷകർക്ക് പ്രമുഖ ചിത്രങ്ങൾ കാണാൻ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ എല്ലാ വേദികളിലും 24 മണിക്കൂറും പ്രദർശനം സാധ്യമല്ല.അതിനാൽ തന്നെ പ്രധാന വേദിയായ ടാഗോർ കേന്ദ്രീകരിച്ചായിരിക്കും മുഴുവൻ സമയ പ്രദർശനം. നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെയുള്ള മറ്റ് പ്രധാന വേദികളിൽ പ്രദർശന സമയം രാത്രി വൈകിയും നീട്ടുന്ന കാര്യം സജീവ പരിഗണനയിലുണ്ട്. ഇതിന് പൊലീസിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. നിലവിൽ മിക്ക വേദികളിലും വൈകിട്ട് രണ്ട് ഷോകൾ മാത്രമാണ് പതിവായി ഉള്ളത്.

  • Share This Article
Drisya TV | Malayalam News