മെസേജിങ് ആപ്പുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. തട്ടിപ്പുകൾ തടയുന്നതിനായി കൊണ്ടുവരുന്ന കർശനമായ 'സിം-ബൈൻഡിങ്' ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. ആപ്പ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ഉപയോക്തൃ അക്കൗണ്ടുകൾ കെവൈസി പരിശോധന പൂർത്തിയാക്കിയ സിം കാർഡുകളുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് നിർദേശം നൽകി.
2026 ഡിസംബർ 31-നകം ഈ നിർദേശങ്ങൾ നടപ്പിലാക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന സമയപരിധി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതൽ സുരക്ഷിതമാക്കുക, ആപ്പുകൾ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുക എന്നിവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിലവിൽ ഫോണിൽ സിം കാർഡ് ഇല്ലാതെ വൈ-ഫൈ മാത്രം ഉപയോഗിച്ച് വാട്‌സ്ആപ്പും ടെലഗ്രാമും പ്രവർത്തിപ്പിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ മാറ്റം തിരിച്ചടിയായേക്കാം. എന്നാൽ ഓരോ പ്ലാറ്റ്‌ഫോമുകളും ഈ ചട്ടങ്ങൾ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങളുടെ വ്യാപ്തി.സിം-ബൈൻഡിങ്ങിനെ പിന്തുണയ്ക്കുന്നതിനായി ആപ്പിൾ സെപ്റ്റംബറിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഐഒഎസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോണിൽ സിം കാർഡില്ലാത്ത സാഹചര്യം തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ അപ്‌ഡേറ്റ്. ഒന്നിലധികം ഡിവൈസുകളിൽ അക്കൗണ്ട് ഉപയോഗിക്കുന്നവർ, വിദേശയാത്ര നടത്തുന്നവർ, വൈ-ഫൈയിൽ മാത്രം ഫോൺ പ്രവർത്തിപ്പിക്കുന്നവർ എന്നിവർ തങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ പരിശോധിക്കേണ്ടി വരും.
2025 നവംബർ 28-നാണ് ടെലികോം വകുപ്പ് ഇതുസംബന്ധിച്ച ആദ്യ നിർദേശം പുറപ്പെടുവിച്ചത്. വെബ് സെഷനുകളിൽനിന്ന് ഓരോ ആറ് മണിക്കൂറിലും ഉപയോക്താക്കളെ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ചെയ്യണമെന്നതായിരുന്നു പ്രാഥമിക വ്യവസ്ഥകളിലൊന്ന്. എന്നാൽ പിന്നീട് ഈ വ്യവസ്ഥ ഒഴിവാക്കി, സംശയകരമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ സേവനം ഉടനടി റദ്ദാക്കുന്ന 'റിസ്ക് അധിഷ്ഠിത ലോഗ് ഔട്ട്' രീതി ഏർപ്പെടുത്തുകയായിരുന്നു. അതിനാൽ പുതിയ വ്യവസ്ഥ പ്രകാരം വാട്‌സ്ആപ്പ് വെബിൽ നിന്ന് കൃത്യമായ ഇടവേളകളിൽ ഓട്ടോമാറ്റിക് ലോഗ് ഔട്ട് ഉണ്ടാകില്ല.
വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയാണ് ഈ നിർദേശങ്ങൾ പാലിക്കേണ്ട പ്രധാന പ്ലാറ്റ്‌ഫോമുകൾ. അതേസമയം സ്‌നാപ്ചാറ്റിന് സിം-ബൈൻഡിങ് ചട്ടങ്ങളിൽ ഇളവുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ നോട്ടീസുകളോട് സിഗ്നൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2026 ഡിസംബർ 31-നകം ചട്ടങ്ങൾ നടപ്പിലാക്കണമെന്നിരിക്കെ, ജനുവരി ഒന്ന് മുതലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്നാണ് വിവരം. നിർദിഷ്ട ഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് പൂർണമായി പ്രവർത്തനം നിർത്തുമെന്ന് നിലവിൽ റിപ്പോർട്ടുകളില്ല.