Drisya TV | Malayalam News

അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവം; മകൻ 10 വർഷമായി ലഹരിക്കടിമ 

 Web Desk    20 Oct 2026

കോഴിക്കോട്: മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് 31 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള കുടുംബതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവവും ആക്രമണവും പ്രതിരോധിക്കുന്നതിനിടയിലാണ് കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പത്തു വർഷത്തിലേറെയായി മിസ്ഹബ് ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെയായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മകനെ ലഹരിമുക്തനാക്കാൻ പിതാവ് ഉമർ കോയ വൻതുക ചെലവഴിച്ച് പലതവണ ചികിത്സകൾ നൽകിയെങ്കിലും ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീണ്ടും ലഹരിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. പിതാവിന്റെ സ്ക്രാപ്പ് ബിസിനസ്സിലെ സാധനങ്ങളും വീട്ടിലെ വസ്തുക്കളും മോഷ്ടിച്ചു വിറ്റാണ് ഇയാൾ ലഹരിമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നതെന്നും അയൽവാസി ആരോപിച്ചു.

നിരന്തരമായ ലഹരി ഉപയോഗവും അക്രമസ്വഭാവവും കാരണം കുടുംബത്തിലും അയൽപക്കത്തും കടുത്ത ഭീതിയും അസ്വസ്ഥതകളുമാണ് ഇയാൾ സൃഷ്ടിച്ചിരുന്നത്. മിസ്ഹബിന്റെ ഭീഷണി കാരണം മൂത്ത സഹോദരൻ സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയാതെ മാറിത്താമസിക്കേണ്ടി വന്നു. ഭയം കാരണം വീട്ടിലെ സ്ത്രീകളെ പോലും മുറിക്കുള്ളിൽ പൂട്ടിയിടേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ടായിരുന്നു.

വഴിയാത്രക്കാരെയും അയൽവാസികളെയും തെറിവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഇയാളുടെ പെരുമാറ്റം മാറിയതോടെ നാട്ടുകാരുമായുള്ള ബന്ധവും പൂർണ്ണമായി മുറിഞ്ഞിരുന്നുവെന്നും അയൽവാസി പറഞ്ഞു.

സംഭവദിവസവും ലഹരിയെച്ചൊല്ലി വിട്ടിൽ കടുത്ത വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ പിതാവ് ഉമർ കോയയുടെ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. മകന്റെ ക്രൂരമായ മർദ്ദനത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനും പ്രതിരോധിക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഉമർ കോയയുടെ അടിയേറ്റ് മിസ്ഹബ് വീണതും കൊല്ലപ്പെട്ടതുമെന്നാണ് വിവരം. മർദ്ദനത്തിൽ കടുത്ത പരിക്കേറ്റ ഉമർ കോയ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പന്നിയങ്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും പിതാവ് ഉമർ കോയയ്ക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News