വേമ്പനാട്ട് കായലിന് കുറുകെ ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി.ഡി സതീശൻ ഞായറാഴ്ചനാടിന് സമർപ്പിക്കും. മാക്കേക്കടവിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം. ലിജു, എം.പിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ കെ. ബിനിമോൻ, നാട്ടകം സുരേഷ്, ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ല കലക്ടർ ഷാജി വി. നായർ, കോട്ടയം ജില്ല കലക്ടർ ചേതൻകുമാർ മീണ എന്നിവർ പങ്കെടുക്കും.
10 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാർഥ്യമാകുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രക്കാര്ക്ക് എളുപ്പത്തില് യാത്ര ചെയ്യാന് കഴിയും. ശബരിമല, കോട്ടയം, പാല, കുറവിലങ്ങാട്, കാഞ്ഞിരമറ്റം തുടങ്ങി തീര്ത്ഥാടന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില് പോകാനും കഴിയും.
വേമ്പനാട്ടുകായലിന് കുറുകെ ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുണ്ട്. ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച് റോഡ് ഉൾപ്പെടെ 98.09 കോടിയാണ് ചെലവ്. ആലപ്പുഴയിൽ നിന്നുള്ളവർക്ക് വൈക്കം, കോട്ടയം, തൃപ്പുണിത്തറ എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയാണ്.