പ്രശസ്ത സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400 ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ചെന്നൈയിലെ ടി നഗറിലുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
ചെന്നൈയിലെ മൈലാപ്പുരിൽ 1950ലായിരുന്നു ജനനം. തെന്നിസൈ തെൻട്രൽ എന്ന വിളിപ്പേരിലാണ് ദേവ അറിയപ്പെട്ടിരുന്നത്. 1986 ൽ 'മാട്ടുക്കാര മന്നാരു' എന്ന ചിത്രത്തിലൂടെയാണ് ദേവ തമിഴ് സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ. ദ് പ്രിൻസ് ഫാന്റം, കിങ് സോളമൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ദേവ സംഗീത സംവിധാനം നിർവഹിച്ചു. ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നു.1980 കളിൽ ഒട്ടേറെ ഭക്തിഗാന ആൽബങ്ങളും ദേവ തയാറാക്കിയിട്ടുണ്ട്. ഇളയരാജയുടെ ഒപ്പം പ്രവർത്തിച്ചാണ് ദേവ സിനിമയിൽ സജീവമാകുന്നത്.