Drisya TV | Malayalam News

പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ ബാക്ടീരിയയുടെ സാന്നിധ്യം,വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് കമ്പനി

 Web Desk    7 Jul 2026

അമേരിക്കയിൽ രാജ്യവ്യാപകമായി വിപണനം ചെയ്യുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. സിൻസിനാറ്റി ആസ്ഥാനമായുള്ള കാവോ യുഎസ്എയുടെ ‘ഒറിബെ സിറീൻ സ്കാൽപ് ഡെൻസിഫയിങ് ഷാംപൂ’ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പുറത്തിറക്കിയ റിപ്പോർട്ടിൽ, ഷാംപൂവിൽ ‘പ്ലൂറാലിബാക്ടർ ഗെർഗോവിയെ’ (Pluralibacter gergoviae) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കുന്നു. ആരോഗ്യമുള്ളവരിൽ സാധാരണയായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ ബാക്ടീരിയ ഗുരുതര അണുബാധയ്ക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2026 ഫെബ്രുവരി 21 മുതൽ 26 വരെ നിർമ്മിച്ച, ‘YR’ എന്ന് ആരംഭിക്കുന്ന ലോട്ട് കോഡുകളുള്ള (ഉദാഹരണം: YR010556) ഷാംപൂകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉൽപന്നം വാങ്ങിയവർ അത് ഉപയോഗിക്കരുതെന്നും, പകരം ഉൽപന്നം ലഭിക്കുന്നതിനോ പണം തിരികെ ലഭിക്കുന്നതിനോ കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

  • Share This Article
Drisya TV | Malayalam News