തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരിൽ നിന്ന് 15കാരിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ശനിയാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കൾ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.
പെണ്‍കുട്ടിയെ കാണാതായശേഷം വെങ്ങല്ലൂരിൽനിന്ന് ഒരു അന്യസംസ്ഥാന തൊഴിലാളിയും അപ്രത്യക്ഷമായി. പെണ്‍കുട്ടി ഇയാൾക്കൊപ്പമുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
പ്രത്യേക സംഘം രൂപീകരിച്ച് രാത്രി വൈകിയും പെണ്‍കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ഡിവൈഎസ്പി എം.ആർ. മധുബാബു പറഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഡൊമസ്റ്റിക് എയർപോർട്ടുകൾ, ചെക്ക്പോസ്റ്റുകൾ, ടോൾപ്ലാസകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.