Drisya TV | Malayalam News

ഉറുമ്പ് കടത്ത്,പിന്നിൽ കോടികളുടെ കച്ചവടം:പിടികൂടിയത് 2,000 ജീവനുള്ള ഉറുമ്പുകളെ

 Web Desk    24 May 2026

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒരു കള്ളകടത്തുവേട്ടയാണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത്. ഏപ്രിൽ 15ന് കെനിയൻ കോടതി ചൈനീസ് പൗരനായ ഷാങ് കെക്വന് ഒരു വർഷം തടവും ഒരു ദശലക്ഷം കെനിയൻ ഷില്ലിംഗ് (ഏകദേശം 6.5 ലക്ഷം രൂപ) പിഴയും വിധിച്ച കേസ് വാർ‌ത്തയിൽ ഇടപിടിക്കുന്നത്. കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ച വിലപിടപ്പുള്ള വസ്തുവും അതിൻ്റെ വിലയും പുറത്തറിഞ്ഞതോടെയാണ്.

ചൈനയിലേക്ക് കൊണ്ടുപോകാൻ കൊണ്ടുവന്ന ലഗേജിൽ നിന്ന് പ്രത്യേക ട്യൂബുകളിലായി 2,200 ലധികം ജീവനുള്ള ഉറുമ്പുകളെയാണ് അധികൃതർ കണ്ടെത്തിയത്. അതിൽ 1,948 ഭീമൻ ആഫ്രിക്കൻ മെസ്സർ സെഫലോട്ടുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പുകളുടെ വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളാണ് 'മെസ്സർ സെഫാലോട്ട്സ്'. ഇവയ്ക്ക് ഏകദേശം ഒരു ഇഞ്ച് വരെ നീളം വരും. കെനിയയിൽ ഉറുമ്പ് കള്ളക്കടത്ത് കേസുകൾ വർധിച്ചുവരുന്നതിനാലും വ്യാപാരത്തിന്റെ പാരിസ്ഥിതിക ആഘാതത്താലും പ്രതിരോധ നടപടി ആവശ്യമാണെന്ന് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ഐറിൻ ഗിച്ചോബി പറഞ്ഞു .

കെനിയയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമായിരുന്നു ഇത്. നേരത്തേ രണ്ട് ബെൽജിയൻ കൗമാരക്കാരും ഒരു വിയറ്റ്നാം പൗരനും സമാനമായ രീതിയിൽ ഉറുമ്പ് കടത്തിന് കെനിയയിൽ പിടിയിലായിരുന്നു. കെനിയ വൈൽഡ് ലൈഫ് സർവീസ് യൂറോപ്പിലും ഏഷ്യയിലും മെസ്സോർ സെഫാലോട്ടുകൾ എന്നറിയപ്പെടുന്ന പൂന്തോട്ട ഉറുമ്പുകളുടെ ആവശ്യകത വർധിച്ചുവരുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരം പ്രാണികൾക്കായി വൻതുകയാണ് പ്രതിഫലം ലഭിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഇവയെ 'ഫോർമിക്കാറിയം' (formicariums) അഥവാ ആൻ്റ് ഫാമുകളിൽ സൂക്ഷിക്കുന്നു. ചൈനയിലെ ഓൺലൈൻ ഉറുമ്പ് വിൽപ്പന മൂലമുണ്ടാകുന്ന ജൈവ അധിനിവേശ (biological invasion) സാധ്യതകളെക്കുറിച്ച് 2023-ൽ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നത്, 2021-ൽ ഒരു ആറുമാസക്കാലയളവിനുള്ളിൽ ഇൻ്റർനെറ്റിലൂടെ രാജ്യത്ത് വ്യാപാരം ചെയ്യപ്പെട്ട വിദേശ ഇനം ഉറുമ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള മൂന്നാമത്തെ ഇനം മെസ്സർ സെഫാലോട്ട്സ് ആയിരുന്നു എന്നാണ്.

  • Share This Article
Drisya TV | Malayalam News